അന്നു ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീടു പോലും പരാതിപ്പെട്ടു. കതകു തുറന്നപ്പോള്‍ ആദ്യം കണ്ടത് ചുളിവു വീഴാത്ത പത്രമാണ്. ആരാണിവിടെ പത്രം വായിക്കാന്‍ ? പത്രത്തിനു ചോരയുടെ മണമാണ്. അതു കൊണ്ട് ഞാനതു തുറന്നു പോലും നോക്കാറില്ല. പിന്നെ ആ പത്രക്കാരന്‍ പയ്യനെ ഓര്‍ത്താണ് പത്രം ഇടുന്നത്.
സൂസന്‍ ഒരുപാടു തവണ ചോദിച്ചു എന്തിനാണ് ലീവെടുക്കുന്നത് എന്ന്. എന്താ പറയുക. സുഖമില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.
കുറച്ച് സമയം കിടക്കണം. ഉച്ചയുറക്കം ശീലമില്ല, എങ്കിലും.
ഉറക്കം വന്നില്ല. പിറകുവശത്തെ കതകു തുറന്നു. കിണറ്റിനരികെ എത്തിയപ്പോഴാണ്, വരിക്ക പ്ലാവിലെ മൂന്നു ചക്ക ആരൊ പിഴുത് താഴെയിട്ടിരിക്കുന്നു. സങ്കടം തോന്നി. ആരായിരിക്കും ഈ പാതകം ചെയ്തത്? കുറച്ചും കൂടി പാകമായിരുന്നെങ്കില്‍ കറിയെങ്കിലും വെക്കാമായിരുന്നു. പക്ഷെ മൂന്നെണ്ണം ഒരുമിച്ച് എന്തു ചെയ്യും? ഇതെല്ലാം ചിന്തിച്ചു നിന്നപ്പോഴാണ് വേലി ശ്രദ്ധിച്ചത്. അത് അവിടവിടെ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്ത മാസത്തെ ശമ്പളത്തില്‍ എന്തെങ്കിലും ചെയ്യാമോ എന്നു നോക്കണം.
വേലി കടന്നാല്‍ കാണുന്നത് സരസുവിന്റെ വീടാണ്. വലിയ കഷ്ടമാണ് അവിടത്തെ കാര്യങ്ങള്‍. അവരായിരിക്കുമോ ഈ കടും കൈ ചെയ്തത്. സാരമില്ല...പോട്ടെ. മൂന്നു ചക്കയല്ലേ.
എങ്കിലും എന്നോടൊന്നു ചോദിക്കാമായിരുന്നു. ചോദിച്ചാല്‍ ഞാന്‍ കൊടുക്കാതിരിക്കുമൊ? അവര്‍ ചോദിച്ചിട്ടുള്ളതൊക്കെ കൊടുക്കാറുണ്ടല്ലൊ?
മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വരുന്നതും നോക്കി ഇരിക്കും സരസു, പാത്രവും പിടിച്ചു കയറി വരാന്.
"നാഴി അരി തര്വൊ..ചേച്ചി? വാങ്ങീട്ടു തരാം."
അതു വെറും പറച്ചിലാണ്. ഇതു വരെ ഒരു സാധനവും തിരിച്ചു തന്നിട്ടില്ല. ചോദിക്കാറുമില്ല. ഒന്നുമില്ലെങ്കിലും കുറേ വര്‍ഷങ്ങളുടെ പരിചയമല്ലെ?
കാര്യമാക്കണ്ട. എത്ര തവണ എന്നു കരുതിയാണ് ഇരക്കുക? അതുകൊണ്ടായിരിക്കും ചോദിക്കാതെ ചക്കയിട്ടത്. ഇന്നു ഞാന്‍ നേരത്തെ വരുമെന്ന് അവര്‍ക്കറിയില്ലല്ലൊ.വിനയന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ഈ സ്ഥലവും പണ്ട് അവരുടേതായിരുന്നത്രെ.
സരസുവിന്റെ ഭര്‍ത്താവ് കള്ളുകുടിച്ച് നശിപ്പിച്ചതാണുപോലും. അവരനുഭവിക്കണ്ടതായിരുന്നില്ലെ ഈ പത്തു സെന്റിലെ എല്ലാം. സാരമില്ല. ചോദിക്കനൊന്നും പോണ്ട.
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, സ്കോട്ട് ലാന്റിലോ മറ്റോ വേലികളില്ലാ എന്ന്. അവിടെ ഇപ്പോഴും അങ്ങിനെത്തന്നെ ആയിരിക്കുമോ? ആ..അറിയില്ല.വേലികളില്ലാതെ എങ്ങിനെയാ ശരിയാവുക. അവിടെയും അയല്‍ക്കാരുണ്ടാവില്ലെ? വേലികളില്ലാതെ എങ്ങിനെ അയല്‍ക്കാരുണ്ടാവും? അധികം ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.
വേലിത്തലക്കല്‍ പോയി സരസൂനെ വിളിച്ച് രണ്ടു ചക്ക കൊടുത്തു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നില്ല.
രാത്രിയിലേക്ക് ചക്കകൂട്ടാന്‍ വയ്ക്കാം. ചുള പാകമാകാത്തതിനാല്‍ മോള്‍ക്ക് ഇഷ്ടമാവുമോ? ചക്ക നന്നാക്കുമ്പോള്‍ വീണ്ടും ചിന്തകള്‍ തലയുയര്‍ത്തി. അവര്‍ക്കു വിശന്നിട്ടാവില്ലേ എന്നോടു ചോദിക്കാന്‍ നില്‍ക്കാതെ ചക്കയിട്ടത്. ഒക്കെ ഓരോരുത്തരുടെ വിധിയാണ്.
എന്റെ ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് മോള്‍ സ്കൂള്‍ വിട്ടു വന്നു. പ്രതീക്ഷിക്കാതെ എന്നെ കണ്ട് അവള്‍ക്കു സന്തോഷമായി. അവളെ നോക്കി നിന്നപ്പോള്‍ അവള്‍ എത്ര വളര്‍ന്നിരിക്കുന്നു എന്ന് തോന്നി. അവളുടെ വിശേഷങ്ങളൊക്കെ കേട്ടു.
സരസുവിന്റെ മോന്‍ സുഭാഷ് അവളെ തുറിച്ചു നോക്കിയെന്ന് പരാതി . അവര്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നതല്ലെ എന്നാശ്വസിപ്പിച്ചു. തമാശക്കു ചെയ്തതാവും, അവളെ ദേഷ്യം പിടിപ്പിക്കാന്‍.
പിന്നീടെപ്പോഴൊ എന്റെ ചിന്തകളില്‍ അതൊരു കനലായി. അവനിന്നു കുട്ടിയല്ല. ഈയിടെയായി അവന്റെ പെരുമാറ്റത്തിലെന്തെങ്കിലും മാറ്റം ഉണ്ടോ? സൂക്ഷിക്കണം എന്നു മനസ്സു പറഞ്ഞു. അവന്റെ വിശപ്പിനെ അന്നാദ്യമായി ഭയന്നു.
****

No comments:
Post a Comment